സുനിത വില്യംസ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കടമ്പകൾ ഏറെ

Sunita Williams

ന്യൂയോർക്ക്: ലോകം കാത്തിരുന്ന ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് യാഥാർഥ്യമായി. സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ എത്തി. നാസയുടെ ബഹിരാകാശ യാത്രികരായ ഇരുവരും 9 മാസമാണ് ബഹിരാകാശത്ത് ചിലവഴിക്കേണ്ടി വന്നത്. വെറും എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിക്കാനായിരുന്നു തീരുമാനം. എന്നാൽ സ്റ്റാർലൈനറിലെ പ്രശ്നങ്ങൾ തിരിച്ചുവരുന്നതിൽ കാലതാമസം വരുത്തി. ഒൻപത് മാസങ്ങൾക്ക് ശേഷം ഇരുവരും ഭൂമിയിൽ തിരിച്ചെത്തുമ്പോൾ നേരിടാൻ പോകുന്ന പ്രശ്ങ്ങൾ ഒരുപാടാണ്. ദീർഘകാലം, പ്രത്യേകിച്ച് മാസങ്ങളോളം, ബഹിരാകാശത്ത് ചിലവഴിക്കുന്നത് മനുഷ്യ ശരീരത്തിലും മനശാസ്ത്രത്തിലും നിരവധി മാറ്റങ്ങൾ വരുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ബഹിരാകാശത്ത് ഗുരുത്വാകർഷണം കുറവാണ്. അതുകൊണ്ട് അവിടെ ഒഴുകി നടക്കാൻ കഴിയും. അവിടെ വ്യായാമം ചെയ്യാൻ സൗകര്യങ്ങൾ കുറവായതിനാൽ പേശികൾക്ക് ബലക്കുറവ് വരും. എല്ലുകൾക്ക് തേയ്മാനം സംഭവിക്കും. ശരീരത്തിലെ രക്തവും മറ്റു ദ്രാവകങ്ങളും തലയിലേക്കും കണ്ണുകളിലേക്കും ഒഴുകും. ഇത് കണ്ണിനും തലച്ചോറിനും മാറ്റങ്ങൾ ഉണ്ടാക്കും.

നിർജ്ജലീകരണം, എല്ലുകളിൽ നിന്ന് കാൽസ്യം നഷ്ടപ്പെടുന്നത് എന്നിവ കാരണം കിഡ്‌നിയിൽ കല്ലുകൾ വരാനും സാധ്യതയുണ്ട്. ഭൂമിയുടെ ഗുരുത്വാകർഷണമില്ലാതെ, ശരീരഭാരം താങ്ങി നിർത്തുന്ന അസ്ഥികൾക്ക് ബഹിരാകാശത്ത് പ്രതിമാസം ശരാശരി 1% മുതൽ 1.5% വരെ ധാതു സാന്ദ്രത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ ആരോഗ്യ ഏജൻസി പറയുന്നു. കൂടാതെ, ശരിയായ ഭക്ഷണക്രമം പാലിക്കുകയും ശരിയായ വ്യായാമം നേടുകയും ചെയ്‌തില്ലെങ്കിൽ, ബഹിരാകാശ യാത്രികർക്ക് ഭൂമിയിലുള്ളതിനേക്കാൾ വേഗത്തിൽ പേശികളുടെ അളവ് കുറയുന്നു. പക്ഷെ ഇവിടെ ശരിയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമവും ഇരുവരും പിന്തുടർന്നിരുന്നു. ഇത് ശാരീരികമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒരു പരുത്തിവരെ തടയാൻ സാധിക്കും.

ബഹിരാകാശ രശ്മികൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ

ഭൂമിയിലുള്ള റേഡിയേഷനിൽ നിന്ന് വ്യത്യസ്തമാണ് ബഹിരാകാശത്തെ റേഡിയേഷൻ. ഇത് മൂന്ന് തരത്തിലാണ് വരുന്നത്. ഭൂമിയുടെ കാന്തിക വലയത്തിൽ കുടുങ്ങിക്കിടക്കുന്ന ചെറിയ കണങ്ങൾ, സൂര്യനിൽ നിന്നുണ്ടാകുന്ന തീജ്വാലകളിൽ നിന്നുള്ള കണങ്ങൾ, ദൂരെ നിന്നുള്ള കോസ്‌മിക് കിരണങ്ങൾ എന്നിവയാണ് അത്. ഭൂമിയെ ചുറ്റി ഒരു കാന്തിക കവചമുണ്ട്. ഇതിനെ മാഗ്നെറ്റോസ്ഫിയർ എന്ന് വിളിക്കുന്നു. ഇത് അപകടകരമായ റേഡിയേഷനിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. എന്നാൽ നമ്മൾ ഉയരത്തിലേക്ക് പോകുന്തോറും കൂടുതൽ റേഡിയേഷൻ ഏൽക്കേണ്ടി വരും.

ഇവിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ചില പ്രത്യേക മേഖലകളിലൂടെ കടന്നുപോകുമ്പോൾ ഭൂമിയിലുള്ളതിനേക്കാൾ കൂടുതൽ റേഡിയേഷൻ അവിടെയുള്ളവർക്ക് കിട്ടും. എന്നാൽ ബൂച്ചിനും സുനിത വില്യംസിനും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്ര റേഡിയേഷൻ കിട്ടാൻ സാധ്യതയില്ല. ഭൂമിയിലുള്ളതിനേക്കാൾ കൂടുതൽ റേഡിയേഷൻ ദീർഘകാലം ഏൽക്കുന്നത് കാൻസർ വരാനുള്ള സാധ്യത കൂട്ടും. 9 മാസമാണ് സുനിത വില്യംസിനും ബൂച്ചിനും ബഹിരാകാശത്ത് കഴിയേണ്ടിവന്നത്.

ഒറ്റപ്പെടൽ

ദീർഘകാലം ഒറ്റയ്ക്ക് അടച്ചിട്ട സ്ഥലത്ത് കഴിയുന്നത് മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. ഉറക്കമില്ലായ്മ, സങ്കടം, ടെൻഷൻ എന്നിവ ഉണ്ടാകും. ആറ് മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഒരു ദൗത്യം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ദൗത്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന് നാസ പറയുന്നു. എന്നിരുന്നാലും, ബഹിരാകാശത്തായാലും അല്ലെങ്കിലും, ഈ തരത്തിലുള്ള അന്തരീക്ഷം പെരുമാറ്റ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ക്ഷീണം, സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവ ഉണ്ടാക്കുമെന്നും ഗവേഷണങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇതിനൊക്കെ പരിഹാരമായി പല കാര്യങ്ങളും നാസ ചെയ്യുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു