ആദ്യ കളിയിൽ സ്പെഷ്യൽ നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസൺ

Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണ് ഈ മാസം 22 ന് തുടക്കമാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ആദ്യ പോരാട്ടം. മലയാളി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജസ്ഥാൻ റോയൽസ് 23 ന് കളത്തിൽ ഇറങ്ങും.

കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദാണ് ആദ്യ കളിയിൽ സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികൾ. സീസണിലെ ആദ്യ കളിയിൽ ജയിക്കുന്നത് ഒരു പതിവാക്കി മാറ്റിയ രാജസ്ഥാൻ റോയൽസ് ഇക്കുറിയും അതാവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ കളിയിൽ സഞ്ജു സാംസണ്‌ കരുത്ത് ഇരട്ടിയാകുമെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകർ കാണുന്നതാണ്. 2020 മുതൽ എല്ലാ സീസണുകളിലും ആദ്യ കളിയിൽ അർധസെഞ്ചുറിയെങ്കിലും നേടാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷവും അത് ആവർത്തിച്ചാൽ തുടർച്ചയായ ആറ് ഐപിഎൽ സീസണുകളിലെ ആദ്യ കളിയിൽ അർധസെഞ്ചുറി നേടുന്ന താരമെന്ന അപൂർവ നേട്ടം രാജസ്ഥാൻ നായകന് സ്വന്തമാക്കാം.‌

2020 സീസൺ ഐപിഎല്ലിലെ ആദ്യ കളിയിൽ ചെന്നൈ ‌സൂപ്പർ കിങ്സായിരുന്നു രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു വെറും 32 പന്തിൽ 74 റൺസായിരുന്നു അടിച്ചുകൂട്ടിയത്. ഒരു ഫോറും ഒൻപത് സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. രാജസ്ഥാൻ ഈ മത്സരത്തിൽ 16 റൺസിന് വിജയിക്കുകയും ചെയ്തു.

2021 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം പഞ്ചാബ് കിങ്സിന് എതിരെയായിരുന്നു. 222 റൺസ് ചേസ് ചെയ്ത കളിയിൽ രാജസ്ഥാന് വേണ്ടി മൂന്നാം നമ്പരിൽ ബാറ്റ് ചെയ്ത സഞ്ജു 63 പന്തിൽ 119 റൺസ് നേടി. 12 ഫോറുകളും ഏഴ് സിക്സറുകളും റോയൽസ് നായകന്റെ ബാറ്റിൽ നിന്ന് പിറന്നു. അവസാനം വരെ പൊരുതിയ അവർ നാല്‌ റൺസിന് കളിയിൽ പരാജയപ്പെടുകയും ചെയ്തു‌.

2022 സീസണിലെ ആദ്യ കളിയിൽ സൺ റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികളായി വന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മൂന്നാം നമ്പരിൽ കളിച്ച സഞ്ജു 27 പന്തിൽ 55 റൺസ് നേടി. മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ 210 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് 61 റൺസിന്റെ ജയം നേടുകയും ചെയ്തു.

2023 ലും സൺ റൈസേഴ്സ് ഹൈദരാബാദായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ആദ്യ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത റോയൽസിനായി ഒരിക്കൽക്കൂടി സഞ്ജു അർധസെഞ്ചുറി നേടി. മൂന്നാം നമ്പരിൽ ക്രീസിലെത്തിയ റോയൽസ് നായകൻ, 32 പന്തുകളിൽ 55 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് ഫോറുകളും നാല് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. രാജസ്ഥാൻ ഈ കളിയിൽ 72 റൺസ് ജയം സ്വന്തമാക്കുകയും ചെയ്തു.

2024 ലെ ആദ്യ കളിയിൽ ലക്നൗ സൂപ്പർ ജയന്റ്സായിരുന്നു രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത റോയൽസിനായി 52 പന്തിൽ 82 റൺസാണ് സഞ്ജു നേടിയത്. മൂന്ന് ഫോറുകളും ആറ് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. രാജസ്ഥാൻ റോയൽസ് 20 റൺസിന് ഈ കളിയിൽ വിജയിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു