പന്തില്‍ ഉമിനീര്‍ പുരട്ടാം, കളിയെ മാറ്റിമറിക്കുന്ന മറ്റൊരു നിയമവും പാസാക്കി

2025 IPL Logo

കളിയെ മാറ്റിമറിക്കുന്ന രണ്ട് നിര്‍ണായക നിയമങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഐപിഎല്‍ 2025 (IPL 2025) ആരംഭിക്കുന്നതിന് മുമ്പായാണ് തീരുമാനം. ബിസിസിഐ അധികൃതരും 10 ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്‍മാരും മാനേജര്‍മാരും പങ്കെടുത്ത യോഗത്തിലാണ് വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയത്.ഐപിഎല്‍ 2025 മുതല്‍ ക്രിക്കറ്റ് പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ബിസിസിഐ പിന്‍വലിച്ചു. കോവിഡ്-19 പാന്‍ഡെമിക് സമയത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനാണ് പന്തില്‍ ഉമിനീര്‍ പുരട്ടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിരോധിച്ചത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടാം പന്ത് ഉപയോഗിക്കുന്നതിനുള്ള പുതിയ നിയമവും അവതരിപ്പിച്ചു. ഐപിഎല്‍ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിന്റെ 11-ാം ഓവറിന് ശേഷം മാത്രമേ രണ്ടാമത്തെ പുതിയ പന്ത് എടുക്കാന്‍ കഴിയൂ. ബിസിസിഐയും ഐപിഎല്‍ അധികൃതരും ചേര്‍ന്ന് ഐപിഎല്‍ നിയമ പുസ്തകത്തില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരികയായിരുന്നു.

രാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ഗ്രൗണ്ടില്‍ മഞ്ഞ് ഉണ്ടാവാമെന്നതിനാല്‍ പന്തില്‍ ഈര്‍പ്പം കൂടുതലായി ഉണ്ടാവും. ഇത് കണക്കിലെടുത്താണ് രണ്ടാം ഇന്നിങ്സിന്റെ 11-ാം ഓവറിന് ശേഷം പുതിയ പന്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. രണ്ട് ഇന്നിങ്സുകളിലും ബാറ്റും ബോളും തമ്മില്‍ തുല്യമായ മത്സരം സാധ്യമാക്കുകയാണ് ലക്ഷ്യം. ടോസ് നേടുന്ന ക്യാപ്റ്റന് പിച്ചിലെ മഞ്ഞ് മുന്‍കൂട്ടി കണ്ട് തീരുമാനമെടുക്കാന്‍ കഴിയുന്നതിലൂടെ ഉണ്ടാവുന്ന മേല്‍ക്കൈയും പുതിയ പന്ത് ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാവും.

പന്തിന്റെ മിനുസം നഷ്ടപ്പെടുമ്പോഴാണ് കളിക്കാര്‍ ഉമിമീര്‍ ഉപയോഗിച്ച് തുടച്ച് വിരല് കൊണ്ടും വസ്ത്രത്തില്‍ ഉരസിയും മിനുക്കുന്നത്. പന്ത് പഴകുമ്പോള്‍ സ്വിങും റിവേഴ്സ് സ്വിങും ലഭിക്കുക പ്രയാസമാണ്. കൊവിഡ്-19 പകര്‍ച്ചവ്യാധി അവസാനിച്ചതോടെയാണ് ഇതിന് വീണ്ടും അനുവാദം നല്‍കുന്നത്.

ഫലത്തില്‍ ബൗളര്‍മാര്‍ക്ക് സഹായകമായ രണ്ട് നിയമങ്ങളാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉമിനീര്‍ നിരോധനം പിന്‍വലിക്കണമെന്ന് സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 22 ശനിയാഴ്ച മുതലാണ് മെഗാ ലീഗിന്റെ 18-ാം പതിപ്പ് ആരംഭിക്കുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടനം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ബ്ലോക്ക്ബസ്റ്റര്‍ മത്സരത്തോടെ ഐപിഎല്‍ 2025 ആരംഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു