ചെന്നൈ: കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിയുടെ പ്രാഥമിക നടപടികൾ വേഗത്തിലാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനായി സർവേ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി കോയമ്പത്തൂർ സിറ്റി മുനിസിപ്പൽ കോർപറേഷന്റെ (സിസിഎംസി) ടൗൺ പ്ലാനിങ് കമ്മീഷൻ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. സർവേ നടത്താൻ ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള രണ്ട് സ്വകാര്യ സർവേയിങ് ഏജൻസികളെ പരീക്ഷണാടിസ്ഥാനത്തിൽ കോർപറേഷൻ നിയോഗിച്ചിട്ടുണ്ട്.
അവിനാശി റോഡിലെ കോറിഡോർ ഒന്നിന് 20.4 കിലോമീറ്ററും സത്യമംഗലം റോഡിലെ കോറിഡോർ രണ്ടിന് 14.4 കിലോമീറ്ററും ഉൾപ്പെടുന്ന 35 കിലോമീറ്ററിന്റെ ലാൻഡ് പ്ലാൻ സർവേ നടപടികളാണ് ആരംഭിച്ചത്. സർവേ നടപടികൾ പുരോഗമിക്കുന്നതിനാൽ അവിനാശി, സാത്തി റോഡുകളിൽ ഗതാഗത തടസ്സത്തിന് സാധ്യതയുണ്ട്. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ആദ്യ ഘട്ടത്തിൽ രണ്ട് ഇടനാഴികളിൽ കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതി നടപ്പിലാക്കും.
അവിനാശി റോഡിലെ കോറിഡോർ-1 ഉക്കടം ബസ് ടെർമിനലിൽ നിന്ന് നീലമ്പൂർ ഇന്റഗ്രേറ്റഡ് സ്റ്റേഷൻ വഴി കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 20.4 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. 18 മെട്രോ സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉണ്ടാകുക. സത്യമംഗലം റോഡിലെ കോറിഡോർ-2 കോയമ്പത്തൂർ റെയിൽവേ ജങ്ഷനിൽ നിന്ന് വലിയംപാളയം പിരിവു വരെ 14.4 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. ഈ റൂട്ടിൽ 14 മെട്രോ സ്റ്റേഷനുകളുമുണ്ട്. 10,740 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സാത്തി റോഡിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സിഎംആർഎൽ കോയമ്പത്തൂർ സിറ്റി മുനിസിപ്പൽ കോർപറേഷന് 154 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സർവേ നടപടികൾക്കായി സിഎംആർഎൽ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സർവേ, യൂട്ടിലിറ്റി മാപ്പിങ് ജോലികൾക്കായി സിസിഎംസി ടൗൺ പ്ലാനിങ് വിഭാഗത്തിലെ സർവേയർമാരെ ചുമതലപ്പെടുത്തി. ഡിജിപിഎസ്, മൊബൈൽ ലിഡാർ സ്കാനിങ്, ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാർ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ യൂട്ടിലിറ്റി മാപ്പിങ്ങിനായി വിന്യസിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സർവേ പൂർത്തിയാക്കുന്നതിന് നഗരസഭ സമയപരിധി നിശ്ചയിച്ചിട്ടില്ല.
ഉക്കടം ബസ് ടെർമിനലിന് സമീപമാണ് പ്രവൃത്തി ഔദ്യോഗികമായി ആരംഭിച്ചത്. കുടിവെള്ള പൈപ്പ് ലൈനുകൾ, യുജിഡി പൈപ്പുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ, നെറ്റ്‌വർക്ക് കേബിളുകൾ, വൈദ്യുതി വയറുകൾ, ഭൂമിക്കടിയിലുള്ള മറ്റ് സംവിധാനങ്ങൾ തിരിച്ചറിയാനാണ് യൂട്ടിലിറ്റി മാപ്പിങ് നടത്തുന്നതെന്ന് സിസിഎംസി അറിയിച്ചു. യൂട്ടിലിറ്റി മാപ്പിങ്ങിൽ കണ്ടെത്തുന്ന തടസ്സങ്ങൾ മനസ്സിലാക്കിയ ശേഷം വിശദമായ റിപ്പോർട്ട് തയാറാക്കും. വ്യവസായ മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സ്ഥിതി ചെയ്യുന്ന അവിനാശി റോഡിലെ ഭൂമി ഏറ്റെടുക്കൽ സത്യമംഗലം റോഡിനെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് കോയമ്പത്തൂർ കളക്ടർ പവൻകുമാർ ജി ഗിരിയപ്പനവർ പറഞ്ഞു.