കർണാടകയിലെ ബന്ദ് ശനിയാഴ്ച; ബെംഗളൂരു നഗരത്തെ ബാധിച്ചേക്കും

Karnataka Bandh

ബെംഗളൂരു: കന്നഡ അനുകൂല സംഘടനകൾ മാർച്ച് 22 ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ബന്ദ് ഐടി നഗരമായ ബെംഗളൂരുവിനെ കാര്യമായി ബാധിച്ചേക്കും. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്. മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലയായ ബെലഗാവിയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർ‌ടി‌സി) ബസ് ജീവനക്കാരെ ഒരു വിഭാഗമാളുകൾ മർദിച്ചെന്ന് ആരോപിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുഗതാഗതം തടസ്സപ്പെടാൻ സാധ്യത

ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ പൊതുഗതാഗതം താറുമാറായേക്കും. ബി‌എം‌ടി‌സിയുടെയും (ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ) കെ‌എസ്‌ആർ‌ടി‌സിയുടെയും സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ചില യൂണിയനുകൾ ബന്ദിന് പിന്തുണ നൽകിയതിനാൽ സ്വകാര്യ ടാക്സികളും ഓട്ടോറിക്ഷകളും സർവീസ് നടത്തിയേക്കില്ല. നഗരപ്രദേശങ്ങളിലെ ഷെയറിങ് ഓട്ടോ റിക്ഷകൾ, ഓട്ടോറിക്ഷാ യൂണിയനുകൾ, ഓല, ഊബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ എന്നിവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിച്ചേക്കും

ബന്ദ് ശനിയാഴ്ചയായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചേക്കില്ല. നിരവധി സ്‌കൂളുകളും കോളേജുകളും അവധി പ്രഖ്യാപിച്ചു. പരീക്ഷകൾ മാറ്റിവെക്കാനുള്ള സാധ്യത നിലവിലുണ്ട്.

വ്യാപാരസ്ഥാപനങ്ങളും മാളുകളും പ്രവർത്തിക്കില്ല

ബന്ദ് വ്യാപാരസ്ഥാപനങ്ങളെ കാര്യമായി ബാധിക്കും. ചിക്പേട്ട്, കെആർ മാർക്കറ്റ്, ഗാന്ധി ബസാർ എന്നിവടങ്ങളിലെ മാർക്കറ്റുകൾ, ഷോപ്പിങ് സെന്ററുകൾ, കടകൾ എന്നിവ അടച്ചിട്ടേക്കും. പ്രതിഷേധം രൂക്ഷമായാൽ ബെംഗളൂരു നഗരത്തിലെ മാളുകൾ, മൾട്ടിപ്ലക്സുകൾ, വിനോദ വേദികൾ എന്നിവ അടച്ചിട്ടേക്കും. ഹോട്ടൽ, സിനിമാ വ്യവസായ പ്രതിനിധികൾ കർണാടക ബന്ദിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാർ ഓഫീസുകൾ തുറക്കുമെങ്കിലും ഗതാഗത തടസ്സം തിരിച്ചടിയാകും.

എന്തൊക്കെ പ്രവൃത്തിക്കും?

മെട്രോ സേവനങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെങ്കിലും ഓട്ടോറിക്ഷ, ക്യാബ് എന്നിവയുടെ അസാന്നിധ്യം മെട്രോ സ്റ്റേഷനുകളിലേക്കുള്ള കണക്റ്റിവിറ്റിയെ ബാധിച്ചേക്കാം. ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും ഉൾപ്പെടെയുള്ളവ പ്രവൃത്തിക്കും. ട്രെയിനുകളും വിമാനങ്ങളും പതിവ് പോലെ പ്രവൃത്തിക്കും. ബന്ദ് പ്രമാണിച്ച് യാത്രക്കാർ യാത്രാമാർഗം മുൻകൂട്ടി ആസൂത്രണം ചെയ്യണം. പെട്രോൾ പമ്പുകൾ, പാൽ, പത്രം, ചില സൂപ്പർമാർക്കറ്റുകൾ എന്നിവ പ്രവൃത്തിക്കും. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ തടസ്സപ്പെടില്ലെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നത് തിരിച്ചടിയാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു